മണ്മറഞ്ഞ കലാകാരൻ ശ്രീ കണ്ണൂർ രാജൻ മാഷിന് ഓർമപ്പൂക്കൾ 🌹 - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

മണ്മറഞ്ഞ കലാകാരൻ ശ്രീ കണ്ണൂർ രാജൻ മാഷിന് ഓർമപ്പൂക്കൾ 🌹

 


മണ്മറഞ്ഞ കലാകാരൻ ശ്രീ കണ്ണൂർ രാജൻ മാഷിന് ഓർമപ്പൂക്കൾ 🌹

ശ്രീ കണ്ണൂർ രാജൻ മാഷ്

സംഗീത സംവിധായകന്‍ ശ്രീ കണ്ണൂര്‍ രാജന്‍  ഈ ലോകം വിട്ടു പോയിട്ട് 28 വര്‍ഷങ്ങള്‍ പിന്നിടുന്നു. എന്നാല്‍ ഇപ്പോഴും, ഈ കാലത്തും അദ്ദേഹം അണിയിച്ചൊരുക്കിയ പാട്ടുകള്‍ മലയാളി ഉള്ളിടത്തെല്ലാം തുളുമ്പിക്കൊണ്ടേയിരിക്കുന്നുണ്ട്. ഓര്‍മ്മയിലേക്ക് ഇടയ്ക്കിടെ വന്ന് 'ഞാനിവിടെ ഉണ്ടേ' എന്ന് മന്ത്രിക്കുന്ന പാട്ടുകളില്‍ പലതും അദ്ദേഹത്തിൻെറതാവുന്നത് അതിനാലാണ്. മലയാളത്തിന്റെ ചലച്ചിത്രസംഗീത ചരിത്രത്തില്‍ ഒരിക്കലും മായ്ക്കാനാവാത്ത വലിയൊരു അടയാളപ്പെടുത്തലായിരുന്നു പ്രതിഭയുടെ തീപ്പൊരി വീണ ആ ഗാനങ്ങള്‍. മരണത്തിനു മുമ്പും അതിനു ശേഷവും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അതിന്റെ അര്‍ഹതയോടെ കാലം തിരിച്ചറിഞ്ഞിരുന്നുവോ, തിരിച്ചറിയുന്നുണ്ടോ എന്ന ആലോചനയാണിപ്പോള്‍.

രാജന്‍ മാഷ് രചിച്ച ഒട്ടുമിക്ക പാട്ടുകളും മെലഡികള്‍ ആയിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന മെലഡികള്‍. 'ഇളം മഞ്ഞില്‍ കുളിരുമായൊരു കുയില്‍', 'നാദങ്ങളായ് നീ വരൂ', 'തൂമഞ്ഞിന്‍ തുള്ളി തൂവല്‍ തേടും മിന്നാമിന്നി', ചിത്രം എന്ന സിനിമയിലെ പാട്ടുകള്‍ എല്ലാം  ഹിറ്റുകളായിരുന്നു. അദ്ദേഹം തന്നെ കംപോസ് ചെയ്തത് മറ്റുള്ളവരുടെ പേരില്‍ ക്രെഡിറ്റ് പോയിട്ടുള്ള പാട്ടുകളും ഉണ്ടായിട്ടുണ്ടെന്ന് പിന്നീട് അറിഞ്ഞിട്ടുണ്ട്. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത്  പ്രതിഭ ഒന്ന് മാത്രം  ഉപയോഗിച്ച്  ചലച്ചിത്ര ലോകത്ത് എത്തിപ്പെട്ടതാണദ്ദേഹം. അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞത് ഒപ്പം ജോലി ചെയ്തിരുന്ന ചിലരുടെ ഓർമ കുറിപ്പുകളിലൂടെയാണ് അധികമൊന്നും മുന്‍നിരയിലേക്ക് വന്നിട്ടില്ലാത്ത ഗാന രചയിതാക്കളുടെ ഒപ്പവും അദ്ദേഹം പാട്ട് കംപോസ് ചെയ്തിട്ടുണ്ട്. 'ചിത്രം' എന്ന സിനിമയും അതിലെ പാട്ടുകളും  വലിയ ജനപ്രീതി നേടിയെടുത്തിട്ടും എന്തുകൊണ്ടോ അതിലെ സംഗീത സംവിധായകന്റെ പേര് അധികമൊന്നും കേട്ടതായി ഓര്‍ക്കുന്നില്ല. അതിന്റെ ഗാനരചയിതാവിനെ അതിലുമേറെ കേട്ടിരുന്നു.

രാജന്‍ മാഷിന്റെ പാട്ടുകളില്‍ ആദ്യം തന്നെ എടുത്ത് പറയാവുന്ന ഒരു പ്രത്യേകത, പാട്ടിലുടനീളം ഓര്‍ണമെന്റല്‍ ആയി പ്രവര്‍ത്തിക്കുന്ന  'സംഗതികളുടെ' ചില പ്രത്യേകതയുള്ള പ്രയോഗവഴികളാണ്. എല്ലാ ഗാനങ്ങള്‍ക്കും സംഗതികള്‍ സ്വാഭാവികമായും ഉണ്ടാകില്ലേ? ഉണ്ടാകും. പക്ഷെ രാജന്‍ മാഷിന്റെ പാട്ടുകള്‍ പരിശോധിക്കുമ്പോള്‍, ഇതുപോലെ സംഗതികളാല്‍ അരികും മൂലയും വെട്ടിത്തിളങ്ങുന്ന ഗാനങ്ങള്‍ ഉണ്ടായിവരുന്നതില്‍ ചില സവിശേഷതകള്‍ ഉണ്ട്.
ഒരേ അച്ചുകളില്‍ വാര്‍ത്തെടുത്ത ഒരുപാട് 'സൂപ്പര്‍ ഹിറ്റുകള്‍' ഒരേ സമയത്ത് തന്നിട്ടില്ല അദ്ദേഹം. ഉള്ളിലെ തീപ്പൊരി വന്നു തട്ടുമ്പോള്‍ സൃഷ്ടിക്കപ്പെട്ടത് എന്ന് തോന്നുന്ന, അസാധാരണ പ്രയോഗവഴികളിലൂടെ തിളങ്ങുന്ന, ചില പാട്ടുകള്‍ എടുത്തുനോക്കിയാല്‍ അദ്ദേഹത്തിന്റെ സ്വന്തമായ ചില കയ്യൊപ്പുകള്‍ കണ്ടെടുക്കാനാവും.

കണ്ണൂരിലെ പ്രശസ്ത ഡോക്ടറായിരുന്നു വാസൻ നിർമാതാവായിട്ടുള്ള മിസ്റ്റർ സുന്ദരിയിലൂടെയാണ് (1974 ) കണ്ണൂർ രാജൻ സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. വയലാർ രാമവർമയുടെ വരികൾ. ആദിപരാശക്തി അമൃതവർഷിണി (പാലയാട് യശോദ), ഹണിമൂൺ നമുക്ക് ഹണിമൂൺ (ബ്രഹ്മനന്ദൻ, പ്രേമലത), മാൻപേട ഞാനൊരു മാൻപേട (പാലയാട് യശോദ, പ്രേമലത), ഉന്മാദം എന്തോരുന്മാദം (പാലയാട് യശോദ) എന്നീ ഗാനങ്ങൾ. ഏറ്റവും ചെലവ് കുറഞ്ഞു ഗാനങ്ങൾ ചെയ്യണം എന്നതായിരുന്നുവത്രെ നിർമാതാവിന്റെ നിർബന്ധം. അതനുസരിച്ചു വെറും തബലയും വയലിനും മാത്രം ഉപയോഗിച്ചാണ് 'ആദിപരാശക്തി' എന്ന അർദ്ധശാസ്ത്രീയ ഗാനം ഒരുക്കിയത്.
ദേവീക്ഷേത്ര നടയിൽ, കിനാവിന്റെ കടവിലെ (യേശുദാസ്), കണ്ണാലെ പാരെ (ജയചന്ദ്രൻ) എന്നീ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി. ഇതേ വർഷം പുറത്തിറങ്ങിയ വിജയൻ സംവിധാനം ചെയ്ത ചൂണ്ടക്കാരിയിലെ യേശുദാസും സാവിത്രിയും ചേർന്ന് പാടിയ അസ്തമയ സൂര്യന് ദുഖമുണ്ടോ എന്ന ഗാനം ശ്രദ്ധേയമായി. ചിത്രം ഹിറ്റായില്ലെങ്കിലും 'ബീന' യിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. സുശീലയും വാണിജയറാമും ചേർന്ന് പാടിയ ഒരു സ്വപ്നത്തിന് പവിഴ ദ്വീപിൽ എന്ന ഗാനം വ്യത്യസ്തമായ താളത്തിൽ ചിട്ടപ്പെടുത്തിയതായിരുന്നു. നീയൊരു വസന്തം എന്റെ മനസാ സുഗന്ധം (യേശുദാസ്) എന്ന ഗാനവും ഹിറ്റായി. ഗാനങ്ങളാൽ ശ്രദ്ധേയമായിരുന്നു എന്നും ബാലചന്ദ്രമേനോന്റെ ചിത്രങ്ങൾ. കാര്യം നിസ്സാരം എന്ന മേനോൻ ചിത്രത്തിലെ ഗാനങ്ങൾ സംവിധാനം ചെയ്ത കണ്ണൂർ രാജനും ഇക്കാര്യത്തിൽ വ്യത്യസ്തനായില്ല. കണ്മണി പൊന്മണിയെ (യേശുദാസ്), താളം ശ്രുതിലയ താളം (യേശുദാസ്, ജാനകി) തുടങ്ങിയ ഗാനങ്ങൾ ചിത്രത്തിന് മാറ്റുകൂട്ടി.

ബിച്ചു തിരുമല എഴുതിയ അപ്പുണ്ണി (1984) ഇലെ കിന്നാരം തരിവളയുടെ (വാണിജയറാം), തൂമഞ്ഞിൻ തുള്ളി (യേശുദാസ്) എന്നീ ഗാനങ്ങളും കണ്ണൂർ രാജനിലെ സംഗീത പ്രതിഭയുടെ മാറ്റു കൂട്ടുന്നവയായിരുന്നു. തുടർന്ന് നിമിഷം സുവർണ നിമിഷം (വാണി ജയറാം, എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി ), പീലിയേഴും വീശി വാ (ചിത്ര, പൂവിനു പുതിയ പൂന്തെന്നൽ) നാദങ്ങളായ നീ വരൂ (ചിത്ര, നിന്നിഷ്ടം എന്നിഷ്ടം ), ഇളം മഞ്ഞിൻ കുളിരുമായൊരു (യേശുദാസ്, ജാനകി, നിന്നിഷ്ടം എന്നിഷ്ടം), തുമ്പപ്പൂ കാറ്റിൽ (ചിത്ര, നിന്നിഷ്ടം എന്നിഷ്ടം), തങ്കത്തേരിൽ ശരൽക്കാലം (യേശുദാസ്, ചിത്ര, വധു ഡോക്ടറാണ്), വീണ പാടുമീണമായി (ചിത്ര, വാർധക്യപുരാണം) , പാൽ നിലാവിൽ (യേശുദാസ്, വാർധക്യപുരാണം) തുടങ്ങിയ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി. കൂടാതെ കിങ്ങിണി എന്ന ചിത്രത്തിലെ മാനസലോലാ (യേശുദാസ്), മൗനം പോലും മധുരം (യേശുദാസ്) എന്നീ ഗാനങ്ങളും.

കണ്ണൂർ രാജൻ എന്ന സംഗീത സംവിധായകന്റെ ഒരു വെല്ലുവിളി തന്നെ ആയിരുന്നു പ്രിയദർശന്റെ 'ചിത്രം'.യേശുദാസും ചിത്രയും തിളങ്ങി നിൽക്കുന്ന സമയത്തു അവരുടെ പാട്ടുകളില്ലാതെ ഒരു ചിത്രം. അതും മോഹൻലാലിനും രഞ്ജിനിക്കും വേണ്ടിയുള്ള പാട്ടുകൾ ഒരുക്കണം. എന്നാൽ പുതിയ ഗാനരചിയിതാവായ ഷിബു ചക്രവർത്തിയുടെ വരികൾ എംജി ശ്രീകുമാറിന്റെയും സുജാതയുടെയും ശബ്ദത്തിൽ കണ്ണൂർ രാജൻ സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാക്കി. മലയാള ചലച്ചിത്രസംഗീത ചരിത്രത്തിൽ തന്നെ ഇടം നേടിയ ബമ്പർ വിജയമായി ഇത്. എന്നാൽ കണ്ണൂർ രാജൻ ഈണമിട്ട ചിത്രങ്ങൾ പലതും ബോക്സ് ഓഫീസിൽ വിജയം നേടാത്തവയായിരുന്നു. സ്വന്തം നിലപാടുകളിൽ ഉറച്ചു നിന്നതിനാലും ആരുടെ മുന്നിലും അവസരങ്ങൾക്കായി കൈനീട്ടി പോകാതിനിരുന്നതിനാലും ആയിരിക്കണം അദ്ദേഹത്തിന് അധികമൊന്നും ചിത്രങ്ങൾ ലഭിക്കാതിരുന്നത്.

എന്നാൽ തന്റെ സംഗീതം പ്രതിഭകളൊക്കെ അംഗീകരിച്ചതായി അദ്ദേഹം തന്നെ ഒരിക്കൽ വെളിപ്പെടുത്തുകയുണ്ടായി. യേശുദാസടക്കം അദ്ദേഹത്തിന്റെ ദേവീക്ഷേത്ര നടയിൽ തുടങ്ങിയ ഗാനങ്ങളെ ഏറെ പ്രകീർത്തിച്ചിരുന്നു. ഇമ്പമേറിയ ഗാനങ്ങൾ ഒരുക്കിയെങ്കിലും ഒരു സംസ്ഥാന അവാർഡ് പോലും അദ്ദേഹത്തിന് ലഭിച്ചില്ലെന്നതും ഒരു നിർഭാഗ്യമായെ കരുതാനൊക്കുകയുള്ളൂ. 1984ൽ സ്വന്തം ശാരികയിലെ കണ്ണൂർ രാജൻ ഈണമിട്ട ഈ മരുഭൂമിയിൽ എന്ന ഗാനത്തിന് യേശുദാസിനാണ് മികച്ച ഗായകനുള്ള അവാർഡ് ലഭിച്ചത്. മറ്റൊരു അനുഭവം തുഷാര ബിന്ദുക്കളെ എന്ന ഗാനത്തിലൂടെ എ ടി ഉമ്മറിനും എസ് ജാനകിക്കും ലഭിച്ച സംസ്ഥാന അവാർഡ് ആയിരുന്നു. കാരണം ബിച്ചു തിരുമല എഴുതിയ ഈ ഗാനം ദണ്ഡകാരണ്യം എന്ന നാടകത്തിനുവേണ്ടി കണ്ണൂർ രാജൻ ഈണമിട്ടതായിരുന്നു. എന്നാൽ ആലിംഗനം എന്ന ചിത്രത്തിന് വേണ്ടി ഉമ്മറിന്റെ സഹായത്തോടെ കണ്ണൂർ രാജന്റെ ഈണം ചില്ലറ മാറ്റങ്ങളോടെ ഉപയോഗിക്കാൻ ധാരണയെങ്കിലും ട്യൂൺ അതുപോലെ തന്നെ പിന്നീട് ഉപയോഗിക്കുക ആയിരുന്നു. ക്രെഡിറ്റ് ഉണ്ടായതാവട്ടെ എ ടി ഉമ്മറിനും.

ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ സംവിധാനം ചെയ്തെങ്കിലും ഒരു തവണ പോലും സംസ്ഥാന അവാർഡിന്റെ പരിഗണനയിൽ വന്നില്ല എന്നത് കണ്ണൂർ രാജന്റെ ദുര്യോഗമായി. രാജന്റെ കുടുംബം ഇപ്പോൾ ചെന്നൈയിലാണ്. ഭാര്യ വിലാസിനി. ശ്രുതിരാജ്, രാകേഷ് രാജ് കൂടാതെ സംഗീത സംവിധായകൻ ശരത്തിന്റെ ഭാര്യ സോഹിനി എന്നിവരാണ് മക്കൾ. പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ കെ ഹരിദാസിന്റെ സഹോദരിയാണ്‌ വിലാസിനി.

ലേഖകൻ : റെജി ചന്ദ്രൻ
ചിത്രങ്ങൾക്ക്‌ കടപ്പാട് : ഗൂഗിൾ, സോഷ്യൽ മീഡിയ 


No comments