ഭാരതവും തച്ചു ശാസ്ത്രവും ലോകത്തിനു നൽകിയ സംഭാവന - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

ഭാരതവും തച്ചു ശാസ്ത്രവും ലോകത്തിനു നൽകിയ സംഭാവന

 

ഭാരതവും
തച്ചു ശാസ്ത്രവും ലോകത്തിനു നൽകിയ സംഭാവന 

ഗണിത ശാസ്ത്രത്തില്‍ അതുല്യമായ പാരമ്പര്യം തന്നെയുണ്ട് നമുക്ക് അവകാശപ്പെടാനായിട്ട്. ഗണിതശാസ്ത്രത്തിലെ മികവാണല്ലോ മറ്റെല്ലാ ശാസ്ത്രങ്ങളിലും ഭാരതത്തെ മുന്‍നിരയിലെത്തിച്ചത്. ഗണിതശാസ്ത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്നു പറയാവുന്ന പൂജ്യം (0) നമ്മുടെ പൂര്‍വ്വികരുടെ സംഭാവനയാണെന്ന് മാത്രമല്ല, അതിന്റെ ഉപജ്ഞാതാവ് മദ്ധ്യകേരളത്തില്‍ ജീവിച്ചിരുന്ന ആര്യഭട്ടന്‍ ആണെന്നത് മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഇടനല്‍കുന്ന കാര്യമാണുതാനും. (ഈ മഹാ പ്രതിഭയുടെ പേരാണ് ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിന് നല്‍കിയിരിക്കുന്നത്- ആര്യഭട്ട) അംഗ ഗണിതത്തിലും ബീജ ഗണിതത്തിലും നമ്മുടെ അടിസ്ഥാന തത്വങ്ങള്‍ ഇന്ന് ലോകം മുഴുവന്‍ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
 ത്രികോണത്തിന്റെ കര്‍ണ്ണം ലഭിക്കുവാന്‍ പാദത്തിന്റേയും ലംബത്തിന്റേയും സ്‌ക്വയര്‍ തമ്മില്‍ കൂട്ടിയതിന്റെ സ്‌ക്വയര്‍ റൂട്ട് കണ്ടാല്‍ മതിയെന്ന പൈതഗോറസിന്റെ തിയറി, അദ്ദേഹം ജനിക്കുന്നതിനും ആയിരത്താണ്ടുകള്‍ക്ക് മുമ്പ് നമ്മുടെ കല്ലാശ്ശാരിമാര്‍ക്കുവരെ അറിയാവുന്നതായിരുന്നു. അവരിന്നും കെട്ടിടങ്ങള്‍ പണിയുമ്പോള്‍ ‘കണ’ തിരിക്കുന്നത് ഈ തിയറിയുടെ അടിസ്ഥാനത്തിലാണ്.
 ‘എഞ്ചിനീയറിംഗി’ലാണ് നമ്മുടെ വൈദഗ്ദ്ധ്യം ഏറെ തെളിഞ്ഞു കണ്ടത്. കാര്‍ഷിക, വ്യാവസായികാവശ്യങ്ങള്‍ക്കും ചെറുകിട കൈത്തൊഴില്‍കാര്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ട യന്ത്ര സാമഗ്രികളുടെ ലാളിത്യവും ഉപയോഗക്ഷമതയും ആരേയും ആശ്ചര്യപരതന്ത്രരാക്കാന്‍ പോന്നതായിരുന്നു.ആ യന്ത്രസാമഗ്രികളാല്‍ ഉണ്ടാക്കപ്പെട്ട ഉല്പ്പന്നങ്ങളുടെ മേന്മയോ അപാരവും. റോമാ സാമ്രാജ്യത്തിലെ സുന്ദരിമാര്‍ക്കണിയാന്‍ ഇവിടെയുണ്ടാക്കി കയറ്റുമതി ചെയ്തിരുന്ന പട്ടുവസ്ത്രങ്ങള്‍ ആറു മടക്കായി ധരിച്ചാല്‍പോലും നഗ്നത മറയ്ക്കാന്‍ അപര്യാപ്തമായിരുന്നുവെന്ന് പറയുമ്പോളറിയാം ആ വസ്ത്രങ്ങളുടെ നൈര്‍മല്യവും അതുണ്ടാക്കിയവരുടെ വൈദഗ്ദ്ധ്യവും. ഇത്തരം ഒരു പട്ടുവസ്ത്രം ചുരുട്ടിയാല്‍ ഒരു പുല്ലാംങ്കുഴലില്‍ കൊള്ളിക്കാമായിരുന്നുവത്രെ.
#തച്ചുശാസ്ത്രത്തിലെ മികവ് ഇന്നും നമുക്ക് പെരുമ നേടിത്തരുന്നവയാണ്. ഇന്ത്യയിലെ പുരാതന കെട്ടിടങ്ങളുടേയും ക്ഷേത്രങ്ങളുടേയും കോട്ടകൊത്തളങ്ങളുടേയും നിര്‍മ്മാണ വൈദഗ്ദ്ധ്യം അമ്പരപ്പിക്കുന്നതാണ്. കൃത്യമായി വര്‍ഷത്തിലൊരിക്കല്‍ മകരസംക്രമ ദിനത്തില്‍ മാത്രം സൂര്യപ്രകാശം ശ്രീകോവിലിനകത്തെ വിഗ്രഹത്തില്‍ വന്നു പതിക്കത്തക്കവണ്ണം രൂപകല്പന ചെയ്തു നിര്‍മ്മിച്ച ‘കോണാര്‍ക്ക്’ സൂര്യക്ഷേത്രം, ഇക്കാലത്തുകൂടി ആര്‍ക്കും ചിന്തിക്കാന്‍പോലും കഴിയാത്ത നിര്‍മ്മാണ വൈദഗ്ദ്ധ്യമാണ് പ്രകടിപ്പിക്കുന്നത്. അഹമ്മദാബാദിലുള്ള ഇളകുന്ന ഗോപുരം നിരവധി ഉദാഹരണങ്ങളില്‍ ഒന്നുമാത്രം. ആ ഗോപുരത്തിന്റെ മുകളിലുറപ്പിച്ചിരിക്കുന്ന ഒരു കല്ലില്‍ പിടിച്ച് ഉലച്ചാല്‍ കെട്ടിടം ആകെ ഇളകുന്നതായി കാണാം. (ഇത്തരം രണ്ട് ടവറുകള്‍ ഉണ്ടായിരുന്നതില്‍ ഒരെണ്ണം നിര്‍മ്മാണ രഹസ്യം മനസ്സിലാക്കുവാന്‍ വേണ്ടി ബ്രട്ടീഷ് ഭരണകാലത്ത് പൊളിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല). സിമന്റും മറ്റ് നൂതന നിര്‍മ്മാണ സാമഗ്രികളും കണ്ടുപിടിക്കുന്നതിന് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ലളിതമായ ചില കൂട്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച നമ്മുടെ നാട്ടിലെ പടുകൂറ്റന്‍ ക്ഷേത്രങ്ങളും ഗോപുരങ്ങളും മറ്റും കാലത്തിന്റെ കുത്തൊഴുക്കിനേയും പ്രകൃതിയുടെ പേക്കൂത്തുകളേയും അതിജീവിച്ച് ഇന്നും ആധുനിക ശാസ്ത്രത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് നിലനില്‍ക്കുന്നുണ്ട്. ലോകത്തിലെ നിര്‍മ്മാണ ശാസ്ത്രത്തില്‍ ഏറ്റവും സങ്കീര്‍ണ്ണമായത് നമ്മുടെ മഹാക്ഷേത്രങ്ങളുടെ കൂത്തമ്പലത്തിന്റെ പണിയാണ് എന്നു മനസ്സിലാക്കിയാല്‍ മതി ഇതു ബോധ്യപ്പെടാന്‍.

ശില്പശാസ്ത്രത്തിലും ചിത്രകലയിലും നമ്മുടെ പാരമ്പര്യം അനുപമം തന്നെയാണ്. പ്രകൃതി ദത്തമായ നിറക്കൂട്ടുകള്‍ ഉപയോഗിച്ച് ക്ഷേത്ര ചുമരുകളിലും കൊട്ടാരക്കെട്ടുകളിലുമൊക്കെ മനോഹരമായ ചിത്രങ്ങള്‍ രചിച്ച അജ്ഞാതരായ മഹനീയ കലാകാരന്മാരുടെ വൈശിഷ്ട്യം നൂറ്റാണ്ടുകള്‍ക്ക് മായ്ക്കാന്‍ കഴിയാതെ ഇന്നും പാരമ്പര്യത്തിന്റെ പ്രഭതൂകി നമുക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നു.
അജന്ത, എല്ലോറ ഗുഹാചിത്രങ്ങള്‍ സമ്പന്നമായ പ്രാചീന സംസ്‌കൃതിയുടെ തെളിവായി വിശ്വ സാംസ്‌കാരിക പണ്ഡിതന്മാര്‍ എടുത്തു കാട്ടുന്നവയാണ്.ഖജൂരാഹോയിലും മഹാബലിപുരത്തും എലിഫെന്റാ ഗുഹകളിലും എന്നുവേണ്ട ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളുടെ കുംഭഗോപുരങ്ങളില്‍ പോലും ഭാരതീയ ശില്പകലയുടെവിസ്മയം കൂടികൊള്ളുന്നത്.
വിദേശികള്‍ അത്ഭുതാദരങ്ങളോടെയാണ് നോക്കിക്കാണുന്നത് ശിലാശില്പങ്ങളില്‍ മാത്രമല്ല ദാരു, ദന്ത, വെങ്കല മാധ്യമങ്ങളിലും കളിമണ്ണില്‍ പ്പോലും നമ്മുടെ കരകൗശലം കനകം വിളയിച്ചിട്ടുണ്ട്. മൂന്നു സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ചന്ദ്രഗുപ്തന്‍ പണിയിച്ച വിശാലമായ കൊട്ടാരം മുഴുവനും ‘ദാരു’ നിര്‍മ്മിതമായിരുന്നുവത്രേ.
നായാടിയും നാടോടിയും നടന്ന ആദിമ മനുഷ്യന്റെ സാമൂഹ്യപുരോഗതിയുടെ ഭാഗമായി കൃഷിയും, നാഗരികസംസ്‌കാരവും രൂപം കൊണ്ടതിന്റെ ചരിത്ര മുഹൂര്‍ത്തത്തിന് തെളിവായി സിന്ധുനദീ തടത്തിലെ മോഹന്‍ജെദാരോയും ഹാരപ്പയും വിരാചിക്കുന്നു. സാംസ്‌കാരിക രംഗത്തും നമ്മുടെ പൈതൃകം നിര്‍ണ്ണായകമാണ്. പുരാതന ഭാരതീയര്‍ക്ക് വിദ്യാഭ്യാസത്തിലുണ്ടായിരുന്ന താല്പര്യം വ്യക്തമാക്കുന്നതാണ് നമ്മുടെ ഗുരുകുല വിദ്യാഭ്യാസ രീതി. വിദ്യ അര്‍ത്ഥിക്കുന്നവര്‍ ഉത്തമരായ ഗുരുക്കന്മാരെ തിരഞ്ഞെടുത്ത് ഒട്ടനവധി വര്‍ഷങ്ങള്‍ ഗുരു ശുശ്രൂഷ ചെയ്ത് കൂടെ താമസിച്ച് ശാസ്ത്രങ്ങള്‍ അഭ്യസിച്ചിരുന്ന അന്നത്തെ വിദ്യാഭ്യാസരീതി, പ്രകൃതിയുമായി ഇണങ്ങിയതും, ജീവിതവിജയത്തിന് ഉതകുന്നതുമായിരുന്നു. ഈ ഭൂവിഭാഗത്തിലുദയം കൊണ്ട ജന സംസ്‌കൃതികളൊക്കെതന്നെ മനുഷ്യനെ വിദ്യാഭ്യാസം ചെയ്യിക്കുന്നതില്‍ ബദ്ധശ്രദ്ധമായിരുന്നു. അധിനിവേശക്കാരാല്‍ നശിക്കപ്പെട്ട ബീഹാറിലെ നളന്ദയും പഞ്ചാബിലെ തക്ഷശിലയും കോടാനുകോടി ബൃഹത്തായ ഗ്രന്ഥങ്ങളുടെ ശേഖരമുള്ള ലോകത്തിലെ ഏറ്റവും വിപുലവും പുരാതനവുമായ വിജ്ഞാനകേന്ദ്രങ്ങളായിരുന്നു.🧡

📝: റെജി ചന്ദ്രൻ 

No comments