കൈലാസപർവ്വതത്തെ പിഴുതുയർത്തുന്ന രാവണൻ
ഹൈന്ദവ കലകളിലും ശിൽപങ്ങളിലും ആവർത്തിച്ചുള്ള ഒരു പ്രമേയമാണിത്.ഇത് എല്ലോറ, ബേലൂർ, ഹലേബിഡു, എലിഫന്റ, കംബോഡിയയിലെ ബന്തേയ് ശ്രീ എന്നിവിടങ്ങളിൽ ശില്പങ്ങളായി ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തിലുള്ളത് കർണാടകയിലെ പട്ടടക്കലിലുള്ള വിരൂപാക്ഷ ക്ഷേത്ര സ്തംഭത്തിൽ നിന്നുള്ളതാണ്. വിക്രമാദിത്യൻ II (CE 733-745) കാഞ്ചി കീഴടക്കിയതിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ഭാര്യ ലോകമഹാദേവി രാജ്ഞിയാണ് ഈ ക്ഷേത്രം വിശ്വകർമ്മ ശില്പിമാരെകൊണ്ട് നിർമ്മിപ്പിച്ചത്.ഈ ക്ഷേത്രം ലോകേശ്വര ക്ഷേത്രം എന്നാണ് അറിയപ്പെട്ടിരുന്നത്. ചാലൂക്യരുടെ കാലത്ത് ഏഴാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ എട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ ഏകദേശം രണ്ട് നൂറ്റാണ്ടുകൾ നീണ്ടുനിന്ന വിശ്വകർമ്മ ശില്പിമാരുടെ ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങളുടെയും വ്യത്യസ്തമായ വാസ്തുവിദ്യാ പരീക്ഷണങ്ങളുടെയും കുതിച്ചുചാട്ടത്തിന്റെ പരിസമാപ്തിയാണ് ഈ സമുച്ചയത്തിലെ ക്ഷേത്രങ്ങളുടെ പരമ്പര സൂചിപ്പിക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റാണ് പട്ടടക്കൽ.

No comments